Saturday, October 25, 2014

തത്വമസി




I
ഈ പിശാച്,
എന്റെ നഖക്ഷതങ്ങളേറ്റ മേനിയിൽ,
ഉണ്മ വറ്റിയ ആത്മാവിൽ,
സ്വപ്നങ്ങളുടെ നിറങ്ങൾ മായ്ച്ച്,..
ആർദ്രതയുടെ അവസാന തുള്ളിയുമൂറ്റി,..
മുറിവുകളുടെ അവസാനത്തെ ആഴവുമുത്തേജിപ്പിച്ച്,..
ഹൃദയതാളങ്ങളെ പിഴകൾ കൊണ്ടു സമൃദ്ധമാക്കി,..
പ്രതീക്ഷയുടെ പുതുനാമ്പുകളെ വേരോടെ ചിതയിലെരിച്ച്,..
ആഗ്രഹങ്ങളോരോന്നും അനർഹതയിലേക്ക് വലിച്ചെറിഞ്ഞ്,..
ഒരുത്തേജകം പോലെ, വലിഞ്ഞു കയറുന്നു...



II
നിലാവിന്റെ സുഖശീതളിമയിലും അവൻ
നിഴലുകളിലേക്ക് വിരൽചൂണ്ടുന്നു
മഴത്തുള്ളികളുടെ കുളിർസ്പർശത്തിലും
വിണ്ടുവരണ്ട മണ്ണിനെ കാണിച്ചു തരുന്നു..
"സത്യമിതാണു, ഇത്..
ഇതുമാത്രമാണു സത്യം" അവൻ പറഞ്ഞു തന്നു..



III

പുത്തരിച്ചോറും പാടത്തെ പച്ചക്കറികളും
രുചിയില്ലാത്തതെന്നു വരുത്തി,
വിഷം പേറുന്ന കായും വിഷം സാന്ദ്രീകരിച്ച പാനീയവും 
മായം മാത്രമുള്ള ടിൻഫുഡും വായിലേക്കു പകർന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു:
"ഇതാണു സമീകൃതാഹാരം"

അപ്പനമ്മച്ചിമാരെ തൂത്തെറിഞ്ഞു

പുത്തൻ തുണക്കാർക്ക് വിരുന്നൊരുക്കി
എന്റെ സ്റ്റാറ്റസും വെയ്റ്റും കീപ്പ് ചെയ്യാൻ 
അവനാണെന്നെ പഠിപ്പിച്ചത്..



IV

പണ്ടേതോകാലം താഴ്ന്നജാതിക്കാരൻ നിലവിളിച്ചു പറഞ്ഞ മേനിമറയ്ക്കലല്ല,
മറയ്ക്കാതിരിക്കലാണു സ്വാതന്ത്ര്യം എന്നവൻ ബോധ്യപ്പെടുത്തി..
അവൻ തന്നെയാണു വെളിച്ചം സൃഷ്ടിക്കുന്ന നിഴലിനെക്കുറിച്ച് പറഞ്ഞത്..
പണക്കിലുക്കത്തിന്റെ മുഴക്കത്തിലും ചങ്ങലക്കിലുക്കങ്ങൾ കേൾപ്പിച്ചത്..
സൗരഭ്യങ്ങളുടെ പൂങ്കാവനത്തിലും 
ദുർഗന്ധമാവാഹിക്കുന്ന കാറ്റിനെ പരിചയപ്പെടുത്തിയത്..
മഞ്ഞിന്റെ കുളിർസ്പർശത്തിൽ പോലുമൊളിക്കുന്ന 
തീയിന്റെ രൗദ്രതയനുഭവിപ്പിച്ചത്..

ചോര ചിതറിക്കുന്ന വെടിയുണ്ടയും

മരണം ചുവയ്ക്കുന്ന വാൾത്തലകളും
പ്രദർശിപ്പിച്ച് അവൻ സമർത്ഥിച്ചു:
"ഇതാ ഇതുകൊണ്ടുള്ളതാണു വിനോദം.."

സ്വാതന്ത്ര്യം മധുചഷകമായി, ലഹരിയായി 

ഉള്ളിലുറയുമ്പോൾ ഭ്രമാത്മകാനന്ദങ്ങളെക്കൊണ്ട്
ഹൃദയസ്പന്ദങ്ങൾ പുതിയ താളങ്ങൾക്ക് താദാത്മ്യം പ്രാപിക്കുമ്പോൾ
അവൻ ഉറഞ്ഞു പറഞ്ഞു:
"ഇതാ സ്വാതന്ത്ര്യം.."



V

പക്ഷേ....
നീതന്ന പ്രലോഭനങ്ങളിലൂടെ 
വളർന്നുവെന്നു ഞാൻ വൃഥാ ചിന്തിക്കയായിരുന്നു.
മുരടിച്ചതു തിരിച്ചറിഞ്ഞപ്പോഴെക്കും 
ഞാൻ ക്രൂശിതന്റെ മുഖം മൂടിയ്ക്കകത്തെത്തിയിരുന്നു..

നീ,

പിശാച്,
എന്നെ,
അത്യന്താധുനിക നാഗരികനെ 
ഒഴിഞ്ഞുപോകാതെ പറ്റിയിരിക്കുമ്പോൾ
വലിച്ചെറിയാനാകാത്ത നിസ്സഹായതയുമായി
ഞാൻ പാതി നിദ്രയിലുഴറുമ്പോൾ..
വിടമറിയാത്ത ശബ്ദതരംഗങ്ങൾ എന്നെയാക്രമിച്ചു:
"തത്വമസി.." 

No comments:

Post a Comment